പാനൂർ:കടവത്തൂർ ഹൈസ്‌കൂളിൽ നിന്നും 1992-93 ൽ (ഇന്നത്തെ പി.കെ.എം. ഹയർ സെക്കണ്ടറി) പഠനം പൂർത്തിയാക്കിയ എസ് എസ് എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികൾ നാളെ ഓർമ്മക്കൂട്ട് എന്ന പേരിൽ സ്കൂളിൽ സംഗമിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ഈ ബാച്ച് ആദ്യമായി സംഗമിക്കുന്നത്. സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്നു പോകുന്ന 280 ൽ അധികം പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബവുമാണ് ഒത്തുചേരുന്നത്. ഭൂരിപക്ഷം പേരും ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു മുന്നോട്ടു പോകുകയാണ്. സർക്കാർ-അധ്യാപക സർവീസുകളിലായി അനവധി പേർ ജോലി ചെയ്തു വരുന്നു. വിവിധ വിദേശരാജ്യങ്ങളിലും, അയൽസംസ്ഥാനങ്ങളിലുമായാണ് പലരും ബിസിനസ് രംഗത്തുള്ളത്. അന്നത്തെ സ്കൂളിലെ 50 അധ്യാപകരും 4 അനധ്യാപകരും ഈ സംഗമത്തിൽ പങ്കാളികളാകുന്നു എന്നതും ശ്രദ്ധേയമാണ്. അന്നത്തെ മുഴുവൻ അധ്യാപകരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും. ഒരു വർഷത്തോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് എല്ലാവരെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഈ കൂട്ടായ്മ ഒരുക്കിയത്. മുഴുവൻ സഹപാഠികൾക്കും, അധ്യാപകർക്കും പ്രത്യേകം കത്തയക്കയുകയും ചെയ്തിട്ടുണ്ട്. ഓർമ്മക്കൂട്ട് പൂർവ വിദ്യാർത്ഥി സംഗമം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും സഹപാഠിയുമായ നസീമ ചാമാളിയതിൽ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രിൻസ് എബ്രഹാം മുഖ്യ പ്രഭാഷണം നിർവഹിക്കും. പ്രശസ്ത സാഹിത്യകാരൻ പി.കെ.പാറക്കടവ് മുഖ്യതിഥിയായിരിക്കും പൊട്ടങ്കണ്ടി അബ്ദുല്ല ഉപഹാരസമർപ്പണം നടത്തുമെന്ന് മഹ്റൂഫ് കാട്ടിൽ, എം. നജീബ്, വി.വൽസൻ , കാദർ കല്ലോളി, കെ.എ മുഹമ്മദ്, പി.കെ. സഹദുദ്ദീൻ, എം.അബ്ദുല്ല, എ.ടി അജ്മൽ , എ.പി. ഫൈസൽ, പി.ടി.കെ.രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
Preparations for Ormakoottu 2022 at Kadavathoor Higher Secondary School have been completed